'കുടുക്കുപൊട്ടിയ' ഗാനം കോപ്പിയടിയല്ല, വിവാദങ്ങള്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്: ഷാന്‍ റഹ്മാന്‍

ധ്യാന്‍ ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ “ലവ് ആക്ഷന്‍ ഡ്രാമ”യിലെ “കുടുക്കുപൊട്ടിയ” എന്ന ഗാനം പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ഗാനം ഹിറ്റായതോടെ കോപ്പിയടി വിവാദങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്നും എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തരം ഞങ്ങള്‍ക്കില്ലെന്നുമാണ് ഷാന്‍ റഹ്മാന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

1964ലെ “ആദ്യ കിരണങ്ങള്‍” എന്ന ചിത്രത്തിലെ കെ രാഘവന്‍മാഷ് സംഗീത സംവിധാനം ചെയ്ത് എ പി കോമള ആലപിച്ച “കിഴക്കുദിക്കിലെ” എന്ന ഗാനത്തിന്റെ കോപ്പിയാണ് “കുടുക്കുപൊട്ടിയ”ത് എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. തുടര്‍ന്നാണ് അത്തരത്തില്‍ ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തരം ഞങ്ങള്‍ക്കില്ലെന്ന് ഷാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുടുക്കുപൊട്ടിയ എന്ന ഗാനമായിരുന്നില്ല ആദ്യം ചിത്രത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. സുരേഷ് ഗോപി ചിത്രം “ചുക്കാനി”ലെ “മലരമ്പന്‍” എന്ന ഗാനമായിരുന്നു. ചിത്രീകരണം ചെയതപ്പോഴാണ് ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയില്ലെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് പാട്ട് മാറ്റുകയായിരുന്നുവെന്നും ഷാന്‍ പറഞ്ഞു.