സഞ്ജീവ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒഴുകി, ഒഴുകി, ഒഴുകി’ എന്ന ചിത്രം കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. മമ്മൂട്ടി നായകനായി ഹൊറർ- മിസ്റ്ററി ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ‘അപരിചിതൻ’ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് സഞ്ജീവ് ശിവൻ
അജ്ഞാതമായ ഒരു മൃതദേഹം അന്വേഷിച്ചുള്ള ഒരു കുട്ടിയുടെ ജീവിതവും അവൻ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയിലൂടെ സംവിധായകൻ പറയുന്നത്. സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് സംഗീത സംവിധായകന്‍. സംസ്ഥാന അവാര്‍ഡ് ജേതാവ് മനോജ് പിള്ളയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.
ലോകത്തിലെ വിവിധ നദികളിലൂടെയും ജലാശയങ്ങളിലൂടെയും ഒഴുകി നടക്കുന്ന അജ്ഞാത മൃതദേഹങ്ങൾക്കാണ് അണിയറപ്രവർത്തകർ ചിത്രം സമർപ്പിച്ചിരിക്കുന്നത്. ട്രൈപ്പോഡ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 5 മുതൽ 12 വരെയാണ് മേള അരങ്ങേറുന്നത്.
Read more
സഞ്ജീവിന്റെ രണ്ടാമത്തെ സിനിമയായ ‘വേനലൊടുങ്ങാതെ’ കാനഡ ഹിഡന്‍ ജെംസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്റെയും സംഗീത് ശിവന്റെയും സഹോദരൻ കൂടിയാണ് സഞ്ജീവ് ശിവൻ.