മുള്‍മുനയിലാണ് പട്ടാളക്കാരന്റെ യഥാര്‍ഥ ജീവിതം, സിനിമ കണ്ട് പലരും കരഞ്ഞു: 'എടക്കാട് ബറ്റാലിയന്‍ 06'നെ കുറിച്ച് സംയുക്ത

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ടൊവിനോ നായകനായെത്തിയ “എടക്കാട് ബറ്റാലിയന്‍ 06”. പട്ടാളക്കാര്‍ക്കുള്ള ആദരമായി ഒരുക്കിയ ചിത്രത്തിന്റെ ഉദ്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് നായികയായി എത്തിയ സംയുക്ത മേനോന്‍. മുള്‍മുനയില്‍ നില്‍ക്കുന്ന പട്ടാളക്കാരന്റെ യഥാര്‍ഥ ജീവിതമാണ് ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നതെന്നും സംയുക്ത ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”കോമിക്കല്‍ രീതിയിലാണ് പലപ്പോഴും സിനിമകളിലൂടെ പട്ടാളക്കാരെ അവതരിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ ഒരു യുദ്ധരംഗം. അതല്ലാതെ ഒരു സാധാരണക്കാരനായ പട്ടാളക്കാരന്‍ നാട്ടില്‍ വരുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും കുടുംബവും വളരെ ചുരുക്കമാണ് അല്ലെങ്കില്‍ ഇല്ല. പട്ടാളക്കാരന്റെ യഥാര്‍ഥ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രമാണിത്.””

“”മുള്‍മുനയില്‍ നില്‍ക്കുന്ന ജീവിതമാണ് പട്ടാളക്കാരുടേത്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാകും. ഈ കാര്യങ്ങളൊക്കെ കോര്‍ത്തിണക്കിയാണ് ഇതിന്റെ കഥ പോകുന്നത്”” എന്നാണ് ചിത്രത്തെ കുറിച്ച് സംയുക്ത പറയുന്നത്. നൈന ഫാത്തിമ എന്ന അധ്യാപികയായാണ് സംയുക്ത ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ സ്വപ്നേഷ് കെ. നായര്‍ സംവിധാനം ചെയ്ത ചിത്രം കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.