'സിദ്ധു മൂസെവാലയെ പോലെ തന്നെ നിന്നെയും തീര്‍ക്കും';സല്‍മാന്‍ ഖാനും പിതാവിനും ഭീഷണിക്കത്ത്

 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധ ഭീഷണി. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്. സിദ്ധൂ മൂസവാലയെ പോലെ നീയും തീരും’- എന്ന കുറിപ്പോടെയാണ് ഭീഷണിക്കത്ത്. സല്‍മാന്‍ ഖാനേയും പിതാവ് സലിം ഖാനേയും സംബോധന ചെയ്താണ് ഭീഷണിക്കത്ത്.

സലിം ഖാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ പതിവായി നടക്കാന്‍ പോകാറുണ്ട്. അവര്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്.

ഇവിടെ കത്ത് കൊണ്ടുവന്നിട്ടത് ആരാണെന്നറിയാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രദേശവാസികളോട് വിവരങ്ങള്‍ ചോ?ദിച്ചറിയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ദു മൂസെവാലയെ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞയാഴ്ച വെടിവച്ചു കൊന്നിരുന്നു. പഞ്ചാബിലെ മന്‍സ ഗ്രാമത്തില്‍ വച്ചായിരുന്നു കൊലപാതകം. സല്‍മാന്‍ ഖാനെതിരായ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് 2018ല്‍ കോടതിയില്‍ നടക്കുമ്പോള്‍ ഇതേ സംഘം സല്‍മാനെ ഭീഷണിപ്പെടുത്തിയിരുന്നു.