വേള്‍ഡ് കപ്പ് ആവേശത്തിനൊടുവില്‍ ക്രീസില്‍ ഇനി 'സച്ചിന്‍'; ജൂലൈ 19ന് ചിത്രം തീയേറ്ററുകളില്‍

ക്രിക്കറ്റ് എന്നു കേട്ടാല്‍ ഓര്‍മ്മയില്‍ എല്ലാവര്‍ക്കും ആദ്യമെത്തുന്ന പേരാണ് “സച്ചിന്‍”. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ക്രിക്കറ്റ് പശ്ചാത്തലത്തില്‍ സന്തോഷ് നായര്‍ ഒരുക്കുന്ന സിനിമ “സച്ചിന്‍” ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിന് ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

ചിത്രത്തില്‍ “സച്ചിന്‍” എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാന്‍ , അപ്പാനി ശരത് , മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാനാണ് സച്ചിന്‍ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

സച്ചിന്‍ എന്ന സിനിമയിലെ പോരാടുന്നേ പോരാടുന്നേ… എന്നു തുടങ്ങുന്ന ഒരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. രസകരമായ ചില മുഹൂര്‍ത്തങ്ങളും ഗാനത്തില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ഗാന രചയിതാവിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ഈ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച കാറ്റില്‍ പൂങ്കാറ്റില്‍.. എന്ന ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്‌ളീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.