ആകാശഗംഗ 2 എനിക്ക് കാലം കാത്തുവെച്ച സമ്മാനം: റിയാസ്

മലയാളി പ്രേക്ഷകര്‍ ഇന്നും റിയാസിനെ ഇന്നും ഓര്‍ക്കുന്നത് ആകാശഗംഗയിലെ നായകനായിട്ടാണ്. ഇപ്പോഴിതാ 20 വര്‍ഷത്തിനുശേഷം വിനയന്‍ രണ്ടാംഭാഗവുമായി എത്തുകയാണ്. നീണ്ട ഇടവേളയ്ക്കുശേഷം ആകാശഗംഗ 2-വിനൊപ്പം റിയാസും വെള്ളിത്തിരയിലേക്ക് തിരിച്ചുവരുകയാണ്. മാത്ൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഈ സിനിമ തനിക്ക് കാലം കാത്തുവെച്ച സമ്മാനമാണെന്നാണ് റിയാസ് പറയുന്നത്.

ഞാനും ഇടവേള ബാബു ചേട്ടനും മാത്രമാണ് ആദ്യഭാഗത്തില്‍നിന്ന് രണ്ടാംഭാഗത്തിലേക്ക് യോഗ്യത കിട്ടിയവര്‍. പുതിയ തലമുറയുടെ കഥയാണ് ചിത്രം പറയുന്നത്. വിനയന്‍ചേട്ടന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. ആകസ്മികമായി ഒരുദിവസം വിനയന്‍സാര്‍ വിളിച്ച് ആകാശഗംഗ 2-വിന്റെ കഥ പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. കാലം കാത്തുവെച്ച സമ്മാനമായാണ് ആകാശഗംഗ 2-വിനെ കാണുന്നത്. റിയാസ് പറഞ്ഞു.

മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിക്ക് ഇരുപതു വയസ്സ്. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. പുതുമുഖം ആരതിയാണ് രണ്ടാം ഭാഗത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.