പേരിൽ നിന്നും ഭാരതം ഒഴിവാക്കണം; പുരുഷവന്ധ്യംകരണം പ്രമേയമാവുന്ന 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രത്തിനെതിരെ സെൻസർ ബോർഡ്

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി. വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിനെതിരെ സെൻസർ ബോർഡ്. തിയേറ്ററുകളിൽ നിന്നും ചിത്രത്തിന്റെ ട്രെയ്ലർ പിൻവലിക്കണമെന്നും നിർദ്ദേശമുണ്ട്.

ചിത്രത്തിന്റെ പേരിൽ നിന്നും ഭാരതം എടുത്തുമാറ്റണമെന്ന നിർദ്ദേശമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ(സിബിഎഫ്സി) മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു സർക്കാർ ഉത്പന്നം എന്ന് പേര് മാറ്റിയില്ലെങ്കിൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്നാണ് സിബിഎഫ്സി നിലപാട്.

എന്നാൽ ചിത്രത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ് ലഭിച്ചുവെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. പേര് മാറ്റിയാൽ കോടികളുടെ നഷ്ടം സംഭവിക്കുമെന്നും അണിയറപ്രവർത്തകർ പറയുന്നു.

മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാവുന്ന ചിത്രമാണ് ഒരു ഭാരത സർക്കാർ ഉത്പന്നം. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.