രാമനോ രാവണനോ ആരാണ് നല്ലവന്‍? ചോദ്യങ്ങളുയര്‍ത്തി വിജയ് സേതുപതി ചിത്രം

രാമനോ രാവണനോ ആരാണ് നല്ലവനെന്ന ചോദ്യം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യം ഉന്നയിച്ചു കൊണ്ട് ഒരു സിനിമയുടെ ട്രെയിലര്‍ വൈറലാവുകയാണ്. മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന “ഒരു നല്ല നാള്‍ പാത്ത് സൊല്ലറേന്‍” എന്ന ചിത്രത്തിലെ ട്രെയിലറാണ് രാമരാവണന്‍മാരില്‍ ആരാണ് നല്ലവനെന്ന ചോദ്യം ഉന്നയിക്കുന്നത്.

“സീതയെ രാവണന്‍ തട്ടികൊണ്ടു പോയി. എന്നാല്‍ ശരീരത്തില്‍ തൊടാതെ അവരെ സുരക്ഷിതയായി കാത്തുവച്ചു. എന്നിട്ടും നമ്മള്‍ രാവണനെ അസുരന്‍ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ സീതയെ രാമന്‍ രക്ഷപ്പെടുത്തി കൊണ്ട് പോയങ്കിലും സംശയത്തിന്റെ തീയില്‍ അവളെ എരിയിച്ചു. എന്നിട്ട് രാമനെ നമ്മള്‍ ദൈവം എന്ന് വിളിക്കുകയും ചെയ്തു. രാമനോ രാവണനോ ആരാണ് നല്ലവന്‍” – എന്നാണ് ട്രെയിലറിലെ സേതുപതിയുടെ കഥാപാത്രത്തിന്റെ ചോദ്യം.ചിത്രത്തിലെ നായകനും വില്ലനും ഞാന്‍ തന്നെയാണെന്ന് വിജയുടെ സംഭാഷണത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

നവാഗതനായ അറുമുഖ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയില്‍ റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതിക്ക് പുറമേ ഗൗതം കാര്‍ത്തിക്കും നിഹാരികയും പ്രധാന വേഷത്തില്‍ എത്തുന്നു. നല്ലവനും കെട്ടവനും ആരെന്ന ചോദ്യവുമായി സേതുപതിയും മാധവനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രംവേദ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു. വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്ന ചോദ്യവുമായെത്തുന്ന പുതിയ ചിത്രവും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.