ചിരഞ്ജീവി-ശ്രീദേവി ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജാന്‍വി കപൂറും രാം ചരണും

സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയും ബോളിവുഡ് സുന്ദരി ശ്രീദേവിയും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് തെലുങ്കു ചിത്രം “ജഗദേക വീരുഡു അത്‌ലോക സുന്ദരി” റിലീസ് ചെയ്ത് 30 വര്‍ഷം തികയുകയാണ്. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കണമെന്ന് നിര്‍മ്മാതാവ് അശ്വിനി ദത്ത് പറഞ്ഞിരുന്നു.

ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും ചിരഞ്ജീവിയുടെ മകന്‍ രാം ചരണും നായികാ-നായകന്‍മാരായി എത്തിയാല്‍ നന്നായിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യയോട് അശ്വിനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

കൊവേലമുടി രാഘവേന്ദ്ര റാവുവാണ് ജഗദേക വീരുഡു അത്‌ലോക സുന്ദരി സംവിധാനം ചെയ്തത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.