ദര്‍ബാറില്‍ തൊട്ടുള്ള കളി വേണ്ടെന്ന് തമിഴ്‌റോക്കേഴ്‌സിനോട് രജനി ആരാധകര്‍; ചിത്രം റാഞ്ചിയാല്‍ പ്രതിരോധം ഒരുക്കുന്നത് ഇങ്ങനെ

റിലീസ് ദിവസം തന്നെ സിനിമകള്‍ റാഞ്ചി വ്യാജപതിപ്പുകള്‍ വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് സിനിമാവ്യവസായത്തിന് നഷ്ടമുണ്ടാക്കുന്ന തമിഴ് റോക്കേഴ്‌സ് സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് പേടിസ്വപ്‌നമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ ഇറങ്ങിയ ഒട്ടുമിക്ക സൂപ്പര്‍താര ചിത്രങ്ങളും റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്‌സ് റാഞ്ചിയിരുന്നു.

രജനീകാന്തിന്റെ പുതിയ ചിത്രം “ദര്‍ബാര്‍” തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ജാഗരൂകരാണ്. അതേസമയം, “ദര്‍ബാര്‍” തൊട്ട് കളിവേണ്ടെന്ന് തമിഴ് റോക്കേഴ്‌സിനെ വെല്ലുവിളിച്ച് രജനി ആരാധകരും രംഗത്തുണ്ട്. തമിഴ് റോക്കേഴ്‌സ് ഇത്തവണ ചിത്രം റാഞ്ചിയാലും സിനിമ തിയേറ്ററുകളില്‍ തന്നെപോയി അഞ്ചും പത്തും തവണ കണ്ട് ചിത്രത്തെ പിന്തുണയ്ക്കാന്‍ ആണ് ആരാധകരുടെ നീക്കം.

ചിത്രം ആദ്യദിനം വേള്‍ഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് “ദര്‍ബാര്‍”. “പേട്ട” എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും “ദര്‍ബാറി”നുണ്ട്.