റഫീഖ് അഹമ്മദിന്റെ ആദ്യ തിരക്കഥ; ശീര്‍ഷക ഗാനം പുറത്തിറക്കി ടൈറ്റില്‍ ലോഞ്ച്

റഫീഖ് അഹമ്മദ് തിരക്കഥയെഴുതുന്ന ‘മലയാളം’ എന്ന സിനിമയുടെ ശീര്‍ഷക ഗാനം പുറത്തിറക്കി കൊണ്ട് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. അഞ്ച് സംഗീത സംവിധായകര്‍ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീര്‍ഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ്.

സംഗീത സംവിധായകരായ രമേശ് നാരായണന്‍, ബിജി ബാല്‍, മോഹന്‍ സിത്താര, ഗോപി സുന്ദര്‍, രതീഷ് വേഗ എന്നിവര്‍ അണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി മലയാളിയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന ‘മലയാളം’ ഒരു പ്രണയകവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കും.

ന്യൂഡല്‍ഹി, വയനാട് എന്നിവിടങ്ങളിലായി ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സംവിധായകന്‍ വിജീഷ് മണി ആണ് സംവിധായകന്‍.

ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ,ഒളപ്പമണ്ണ പുരസ്‌കാരം, കൂടാതെ മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ഫിലിം ഫെയര്‍, ടെലിവിഷന്‍, പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കവിയാണ് റഫീക്ക് അഹമ്മദ്.

Read more

ഗാന പ്രകാശന ചടങ്ങില്‍ വി.കെ. ശ്രീരാമന്‍, ജയരാജ് വാര്യര്‍, ബാബു ഗുരുവായൂര്‍, മുരളി നാഗപ്പുഴ, കെ.ആര്‍. ബാലന്‍, മനോഹരന്‍ പറങ്ങനാട്, മുനീര്‍ കൈനിക്കര, രാജു വളാഞ്ചേരി, വേണു പൊന്നാനി എന്നിവര്‍ പങ്കെടുത്തു. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.