നായകനായി പൃഥ്വിരാജ് തന്നെ, ടൈസണ്‍ കരിയറിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നാകും

 

ലൂസിഫറിനും ബ്രോ ഡാഡിക്കും എമ്പുരാനും ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങുകയാണ്. ഇത്തവണ കെജിഎഫ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് അദ്ദേഹം ചെയ്യുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുക.

ടൈസന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ?ഗോപിയാണ്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാകും ഇതെന്നാണ് പ്രതീക്ഷ. സംവിധാനം ചെയ്യുന്നതിനൊപ്പം ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരുങ്ങും എന്നാണ് റിപ്പോര്‍ട്ട്.

സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറയുന്നതിങ്ങനെ

ലൂസിഫറിന്റെ നിര്‍മ്മാണ സമയത്താണ് മുരളി ഗോപി ഈ ചിത്രത്തിന്റെ ആശയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. എന്നാല്‍, പിന്നീട് എമ്പുരാന്റെ പ്ലാനിംഗുമായി തിരക്കായിപ്പോയി. കൊവിഡ് എത്തിയപ്പോള്‍ ആ പദ്ധതികളെല്ലാം തടസ്സപ്പെടുകയും ചെയ്തു.

ഞാന്‍ മറ്റു പ്രോജക്റ്റുകളുടെ തിരക്കിലുമായി. പക്ഷേ എന്റെ മനസിന്റെ ഒരു കോണില്‍ ഈ സിനിമ ഉണ്ടായിരുന്നു. സ്വന്തമായി നിര്‍മ്മിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാം എന്നാണ് അന്ന് ചിന്തിച്ചിരുന്നത്. മറ്റൊരു സംവിധായകനെ വച്ച് ചെയ്യാമെന്നായിരുന്നു ചിന്തിച്ചിരുന്നത്. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഷയമാണ് ഈ സിനിമ സംസാരിക്കുന്നത്. അതിനായി ഏറ്റവും മികച്ചവരുമായാണ് കൈ കോര്‍ക്കുന്നത് എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു.