പൃഥ്വി-ബേസില്‍ ടീമിന്റെ ഗുരുവായൂരമ്പല നടയില്‍ ; ചിത്രീകരണം ഉടന്‍ ആരംഭിക്കും

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വിപിന്‍ ദാസ് ഒരുക്കുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. സിനിമയുടെ തിരക്കഥാകൃത്തായ ദീപു പ്രദീപാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമയുടെ തിരക്കഥ വായന പൂര്‍ത്തിയായതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ഒരു വിവാഹ ചടങ്ങിനിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്.

ബേസില്‍ ജോസഫ്, പൃഥ്വിരാജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ പൃഥ്വി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക.അങ്കിത് മേനോന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

നീരജ് രവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ‘ഗോദ’യുടെ നിര്‍മ്മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്സും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.