പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ...; മോഹിപ്പിക്കുന്ന ഈണത്തിലും താളത്തിലും തൊട്ടപ്പനിലെ ആദ്യ ഗാനം

വിനായകന്‍ നായകനാകുന്ന “തൊട്ടപ്പന്‍” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. “പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്…” എന്നു തുടങ്ങുന്നന മനോഹരഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. മോഹിപ്പിക്കുന്ന ഈണവും താളവും കൊണ്ട് ആദ്യ കേള്‍വിയില്‍ തന്നെ മലയാളിയുടെ നാവിന്‍ തുമ്പില്‍ കുടിയേറുന്ന ഗാനം തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.