'നാടകവേദിയില്‍ നിന്ന് വന്ന അതുല്യ കലാകാരന്‍'; റിസബാവയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി

നടന്‍ റിസബാവയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

‘ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനാണ്. ടെലിവിഷന്‍ പാരമ്പരകളിലെയും നിറസാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേരുന്നു.’ – മുഖ്യമന്ത്രി

അപ്രതീക്ഷിതമായി ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിസബാവയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം. നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയാണ് താരത്തിന്റെ ആദ്യസിനിമ. സിദ്ധിഖ്- ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.