'ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോയി'; ജയന്റെ മരണദിവസം ഓർത്ത് പ്രശസ്ത ഫോട്ടോഗ്രാഫർ

മലയാളത്തിലെ ആദ്യ ആക്ഷൻ നായകനായ ജയൻ ഓർമ്മയായിട്ട് ഇന്നേക്ക് 43 വർഷങ്ങൾ. 1980 ലെ ഒരു നവംബർ 16 നാണ് കോളിളക്കം സിനിമയുടെ സാഹസികമായ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചായിരുന്നു ജയന്റെ അകാലത്തിലുള്ള മരണം. മരണത്തിന് ശേഷവും ഇന്നും ജയൻ മലയാളികളുടെ മനസിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നു.

ജയന്റെ നാല്പത്തിമൂന്നാം ചരമവാർഷികത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫർ രമേഷ് കുമാർ ജയനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ജയന്റെ ചിത കത്തിത്തീരുന്നതിന് മുൻപ് ആരാധകർ അവിടുത്തെ മണ്ണ് വാരികൊണ്ടുപോയിരുന്നു എന്നാണ് രമേഷ് കുമാർ ഓർക്കുന്നത്.

“മരണ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ തോന്നിയില്ല. സംസ്കാരത്തിനായി ജന്മനാടായ കൊല്ലത്തെത്തിയപ്പോൾ കണ്ട ആരാധനയുടെ ആഴം ഒരിക്കലും മറക്കാനും കഴിയില്ല. ഒരുപക്ഷെ ഒരു താരത്തിനും ഇത്രയും സ്നേഹാരാധനകൾ കിട്ടിക്കാണില്ല. ഹൈസ്കൂൾ ജങ്‌ഷനിലെ ഫോട്ടോലാൻഡ്‌ സ്റ്റുഡിയോ ജി.സുരേന്ദ്രൻ നായരുടെ ഉടമസ്ഥതതയിലുള്ളതാണ്

ജയന്റെ കുടുംബവുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ട്. താരമാകുന്നതിന് മുമ്പ് തന്നെ കൃഷ്ണൻ നായർ എന്ന ജയൻ അവിടെ പടമെടുക്കാൻ വരുമായിരുന്നു. താരമായശേഷം ചില സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സുരേന്ദ്രൻ നായർ അണ്ണൻ പോയി. സഹായിയായി ഞാനും. ജയന്റെ വിലാപയാത്ര കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ എത്തിയപ്പോഴും സങ്കടം കടിച്ചമർത്തി അണ്ണൻ ഫോട്ടോയെടുത്തു. പത്രങ്ങൾക്കുവേണ്ടിയായിരുന്നു പോയത്. അണ്ണൻ ആദ്യം എടുത്ത മുഖം വ്യക്തമാകുന്ന പടം പ്രിന്റെടുത്ത് സ്റ്റുഡിയോയുടെ മുന്നിലും വെച്ചു

ജയനെ അവസാനമായി ഒരുനോക്കുകാണാൻ വന്നവർ അവിടെ റീത്ത് വെക്കാൻ പറ്റാതെ സ്റ്റുഡിയോയ്ക്ക് മുന്നിലുള്ള ഫോട്ടോയ്ക്ക് സമീപം റീത്തുവെച്ചു. ജനം സ്റ്റുഡിയോ തകർക്കുമോ എന്നുവരെ തോന്നിപ്പോയി. അതിന്റെ പ്രിന്റിന് അന്ന് വൻ ഡിമാന്റായിരുന്നു. അതുപോലെ മുളങ്കാടകം ശ്മശാനത്തിലെ ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോയി

പിന്നെയും കുറേ ദിവസത്തേക്ക് ജയന്റെ വീട് കാണാൻ ആരാധകർ വന്നു. ആ വീടിന് മുന്നിൽനിന്ന് ഫോട്ടോ എടുക്കണം അവർക്ക്. ജയന്റെ വീടിനടുത്തുള്ള തെങ്ങിൽ ചാരിനിന്ന് ഫോട്ടോ എടുക്കണം. ജയൻ നട്ട തെങ്ങ് എന്നരീതിയിൽ എത്ര ഫോട്ടോയാണ് പലരും എടുത്തത്. സ്ത്രീകളായിരുന്നു കൂടുതലും. അണ്ണൻ ഇതിനെല്ലാം എന്നെയായിരുന്നു നിയോഗിച്ചത്. അന്നാണ് ഒരു സിനിമാനടൻ ജനമനസിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനത്തിന്റെ ആഴം ശരിക്കും ഞാനറിയുന്നത് ” മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് രമേഷ് കുമാർ ജയന്റെ ഓർമ്മകൾ പങ്കുവെച്ചത്.