ചെക്ക് നല്‍കി പറ്റിച്ചു; സണ്ടക്കോഴി സംവിധായകന്‍ ലിംഗു സ്വാമി ജയിലിലേക്ക്

കള്ള ചെക്ക് നല്‍കി പറ്റിച്ചെന്ന കേസില്‍ സംവിധായകന്‍ ലിംഗു സ്വാമി ജയിലിലേക്കെന്ന് റിപ്പോര്‍ട്ട്. നേരത്തെ സൈദാപേട്ട് കോടതി ആറുമാസം എന്‍.ലിംഗുസ്വാമിക്ക് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ലിംഗുസ്വാമി മദ്രാസ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

ലിംഗു സ്വാമിയും സഹോദരന്‍ സുഭാഷ് ചന്ദ്ര ബോസും നടത്തുന്ന തിരുപ്പതി ബ്രദേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ പിവിപി നല്‍കിയ കേസിലാണ് നേരത്തെ വിധി വന്നത്. 2014 ല്‍ തിരുപ്പതി ബ്രേദേഴ്‌സ് പിവിപി ക്യാപ്റ്റല്‍ ലിമിറ്റഡില്‍ നിന്നും വലിയ തുക കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരിച്ചടച്ചില്ല. ഇതേ തുടര്‍ന്ന് ലിംഗുസ്വാമി നല്‍കിയ ചെക്കുകള്‍ വച്ച് പിവിപി കേസ് കൊടുക്കുകയായിരുന്നു.

തുടര്‍ന്ന് സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ലിംഗുസ്വാമിയെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. 2022 ഓഗസ്റ്റ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ലിംഗുസാമി പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി.

എന്നാല്‍ കേസ് വാദം കേട്ട മദ്രാസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സൈദാപേട്ട കോടതി വിധിച്ച 6 മാസത്തെ തടവ് ഏപ്രില്‍ 12ന് ശരിവച്ചു. ഇതോടെ ലിംഗുസ്വാമി 6 മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ വന്‍ ഹിറ്റുകള്‍ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച താരമാണ് എന്‍.ലിംഗു സ്വാമി.