കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. ഇന്ന് രാവിലെ തൃശൂര്‍ വെസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് കേസ്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

നേരത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്‌തെന്നായിരുന്നായിരുന്നു പരാതി.

Read more

കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പളിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുക്കുകയുമായിരുന്നു