ഐ.എന്‍.എസ് വിക്രാന്ത് കൊണ്ടുവരാന്‍ ബ്രിട്ടനില്‍ പോയ കൃഷ്ണന്‍ നായര്‍.. ഇന്നത്തെ ജയന്‍; എന്‍.എസ് മാധവന്റെ ട്വീറ്റ് വൈറല്‍

ഐഎന്‍എസ് വിക്രാന്ത് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പല്‍ കൊണ്ടുവരാന്‍ ബ്രിട്ടനിലേക്ക് പോയ മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ജയനെ ഓര്‍മ്മിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ജയനെ കുറിച്ചുള്ള എന്‍.എസ് മാധവന്റെ ട്വീറ്റ് ആണ് ശ്രദ്ധ നേടിയത്.

”1961ല്‍ ഇന്ത്യ ബ്രിട്ടീഷ് നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ എച്ച്.എം.എസ് ഹെര്‍ക്കുലീസ് വാങ്ങിയപ്പോള്‍ (പിന്നീട് #insvikranth എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട), കപ്പല്‍ കൊണ്ടുവരാന്‍ കൃഷ്ണന്‍ നായര്‍ എന്ന ഒരു നാവികനും ബ്രിട്ടനിലേക്ക് പോയിരുന്നു. പിന്നീട് അദ്ദേഹം ജയന്‍ എന്ന മറ്റൊരു പേരില്‍ സിനിമയില്‍ ചേര്‍ന്നു, കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ആയി!” എന്നാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.

ഐഎന്‍എസ് വിക്രാന്തിന്റെ ഉദ്ഘാടന ദിവസം ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നെടുത്ത വിവരം ട്വീറ്റ് ചെയ്തതാണ് താന്‍. 1961-ല്‍ ബ്രിട്ടനില്‍ പോയി എച്ച്.എം.എസ് ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എന്‍.എം ഇബ്രാഹിമിന്റെ ഓര്‍മക്കുറിപ്പായിരുന്നു അത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന് വേണ്ടി നിര്‍മ്മിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണ് വിക്രാന്ത്. കൊണ്ടുവരാന്‍ പോയ കൂട്ടത്തില്‍ കൊല്ലം സ്വദേശി കൃഷ്ണന്‍ നായരും ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് പ്രസിദ്ധ സിനിമാതാരം ജയന്‍ ആയെന്നുമെല്ലാം അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ ഇബ്രാഹിമും സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഉല്ലാസ യാത്രയില്‍ അദ്ദേഹം ഉപനായകനായും ജയന്‍ വില്ലനായും അഭിനയിച്ചതും ഓര്‍ക്കുന്നുണ്ട്. ഇത് വായിച്ചതില്‍നിന്നുള്ള കൗതുകംകൊണ്ട് ട്വീറ്റ് ചെയ്തതാണ് താന്‍ എന്നാണ് എന്‍.എസ് മാധവന്‍ തന്റെ ട്വീറ്റിനെ കുറിച്ച് പറയുന്നത്.