തൂങ്ങി ചാകണോ.. പുറത്തേക്ക് കടക്കാന്‍ വേറെ വഴിയില്ലെന്ന് രമേഷ് പിഷാരടി

രമേഷ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന നോ വേ ഔട്ട് എന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 12 വര്‍ഷങ്ങള്‍ക്കു ശേഷം പിഷാരടി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘നോ വേ ഔട്ട്’.

വളരെ അധികം സസ്പെന്‍സ് നിറച്ച്, ത്രില്ലിങ് ആയിട്ടാണ് ടീസര്‍ ഒരുക്കിയിരിയ്ക്കുന്നത്. ഒരു സിഗരറ്റും മുബൈലും പിടിച്ച് അടച്ചിട്ട വീടിനുള്ളില്‍ പിഷാരടി നില്‍ക്കുന്നത് പോലെയാണ് ടീസറില്‍ കാണുന്നത്. ‘വളരെ വിചിത്രമായത് വരാനിരിയ്ക്കുന്നു. അത് വന്നു.. അതാണ് നിന്റെ വിധി’ എന്ന് പറയുന്ന ഒരു ശബ്ദശകലത്തിനൊപ്പമാണ് ടീസര്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. അവസാനം കാണിയ്ക്കുന്ന തൂക്ക് കയര്‍ സിനിമയിലേക്കുള്ള ആകാംക്ഷ കൂട്ടുന്നു.

ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിന്‍ ദേവീദാസ് ആണ്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിര്‍മാണ കമ്പനിയായ
റിമൊ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.