സിനിമ കാണാന്‍ ആളില്ല ; മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചു തുടങ്ങി

കോവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചു തുടങ്ങി. തിങ്കളാഴ്ച മുതല്‍ സിനിമ തിയേറ്ററുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

കൂടാതെ കോവിഡ് വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞതുമാണ് തിയേറ്ററുകള്‍ അടക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് നിലവിലെ അവസ്ഥ.

സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ തിയേറ്ററുകളില്‍ 50ശതമാനം പേര്‍ക്ക് മാത്രം പ്രവേശന അനുമതി ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ പിന്‍വലിക്കുന്നതോടെ തിയേറ്ററുകള്‍ അടച്ചുപൂട്ടാനാണ് സാദ്ധ്യത.

അതേസമയം, നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ നിരവധി സിനിമകളാണ് റിലീസ് മാറ്റി വെച്ചത്. രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍, അജിത്തിന്റെ വലൈമൈ, പ്രഭാസ് ചിത്രം രാധേ ശ്യാം അടക്കമുള്ള ചിത്രങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്.