തുടര്‍ച്ചയായി ദുരന്ത സിനിമകള്‍! എങ്കിലും പ്രതിഫലത്തില്‍ നോ കോംപ്രമൈസ്; നയന്‍താര വാങ്ങുന്നത് കോടികള്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയില്‍ ഇത്രത്തോളം ഓളം സൃഷ്ടിച്ച മറ്റൊരു നടി കാണില്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പട്ടം തനിക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സൂപ്പര്‍ നായികയാണ് നയന്‍താര. ‘അന്നപൂരണി’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞ് നടി വിലക്കിയത്.

20 വര്‍ഷത്തിലധികമായി സിനിമാ മേഖലയില്‍ തുടരുന്ന തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളില്‍ ഒരാളാണ്. 2020 മുതലിങ്ങോട്ട് നയന്‍താര അഭിനയിച്ച മിക്ക ചിത്രങ്ങളും ഫ്‌ളോപ്പ് ആയിരുന്നുവെങ്കിലും തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 12 കോടിയാണ് നയന്‍താരയുടെ നിലവിലെ പ്രതിഫലം.

അതേസമയം, രജനികാന്തിനൊപ്പമുള്ള ദര്‍ബാര്‍, അണ്ണാത്തെ എന്നീ സിനിമകള്‍ സാമ്പത്തിക വിജയം നേടിയെങ്കിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട ചിത്രം കൂടിയാണിത്. തുടര്‍ന്ന് പുറത്തിറങ്ങിയ, മൂക്കുത്തി അമ്മന്‍, നിഴല്‍, നേട്രികണ്‍, ആരദുഗല ബുള്ളറ്റ്, കാതുവക്കുല രണ്ട് കാതല്‍, ഒ2, ഗോഡ്ഫാദര്‍, ഗോള്‍ഡ്, കണക്ട് തുടങ്ങിയ ചിത്രങ്ങള്‍ ഒന്നും വലിയ വിജയം നേടിയിട്ടില്ല.

തുടര്‍ന്ന് 2023ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ജവാന്‍ വന്‍ വിജയമായിരുന്നു, എങ്കിലും നായികയായ നയന്‍താരയേക്കാള്‍ കൂടുതല്‍ പ്രശംസ കാമിയോ റോളില്‍ എത്തിയ ദീപിക പദുക്കോണിന് ആയിരുന്നു ലഭിച്ചത്. അതിനാല്‍ നയന്‍താര സംവിധായകന്‍ അറ്റ്‌ലീയുമായി പിണങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ജവാന് ശേഷം പുറത്തിറങ്ങിയ ഇരൈവന്‍, അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് എന്ന ചിത്രവും തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു.