ഫഹദിന്റെ നായികയായി നയന്‍താര; 'അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പാട്ട്' ഒരുങ്ങുന്നു

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന “പാട്ട്” എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

Image may contain: people smiling, plant

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. നെട്രികണ്‍, അണ്ണാത്തെ, കാതുവാകുല രെണ്ടു കാതല്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. അതേസമയം, ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.