പുതിയ സിനിമ പ്രഖ്യാപിച്ച് നാദിര്‍ഷ; തിരക്കഥ ഒരുക്കുന്നത് റാഫി

തന്റെ ഏറ്റവും പുതിയ സിനിമയെക്കുറിച്ച്  തുറന്ന് പറഞ്ഞ് നാദിര്‍ഷ.  കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫിയാണ്. കലന്തൂര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും കേന്ദ്ര കഥാപാത്രങ്ങളായെത്തുമെന്നും നാദിർഷ വ്യക്തമാക്കി.

2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ജയസൂര്യ നായകനാവുന്ന ഈശോയാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ നാദിര്‍ഷ ഒരുക്കിയ ചിത്രമാണ് ഈശോ.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് നിര്‍മ്മാണം. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിയിരുന്നു ചിത്രീകരണം.

പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് ചിത്രത്തിൽ സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്.