രണ്ടാമൂഴം ഉടന്‍ സിനിമയാക്കും, ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥയുണ്ട്: എം.ടി വാസുദേവന്‍ നായര്‍ പറയുന്നു

“രണ്ടാമൂഴം” സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാറും തമ്മിലുണ്ടായ തര്‍ക്കം ഒത്തു തീര്‍പ്പാക്കി. രണ്ടാമൂഴത്തിന്റെ കഥയിലും തിരക്കഥയിലും പൂര്‍ണാധികാരം എം.ടിക്ക് ആയിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. സംവിധായകന്‍ തിരക്കഥ തിരിച്ചു നല്‍കും. അഡ്വാന്‍സ് തുക എം.ടി തിരിച്ചു നല്‍കും.

സിനിമ ഒരുക്കാനായി പുതിയ സംവിധായകനെ കണ്ടെത്തും എന്നാണ് എം.ടി പ്രതികരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയുമുണ്ട്. ചിത്രം ഏത് ഭാഷയില്‍ ഒരുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സിനിമ വൈകിയതില്‍ വിഷമമുണ്ട് എന്നും എം.ടി ട്വന്റി ഫോറിനോട് പ്രതികരിച്ചു.

2014-ല്‍ ആയിരുന്നു എം.ടിയും ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാന്‍ കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടാന്‍ എംടി നിയമ വഴികള്‍ തേടിയതും.

തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും ഒത്തുതീര്‍പ്പിലെത്തി.