മള്‍ട്ടിപ്ലക്‌സില്‍ ഇനി 75 രൂപയ്ക്ക് സിനിമ കാണാം!

75 രൂപയ്ക്ക് ടിക്കറ്റുകള്‍ നല്‍കാന്‍ ഒരുങ്ങി രാജ്യത്തെ മള്‍ട്ടിപ്ലസുകള്‍. ദേശീയ സിനിമാ ദിനമായ സെപ്റ്റംബര്‍ 16ന് ആണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എംഎഐ) രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേര്‍ന്ന് സിനിമാപ്രേമികള്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്.

സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവി ടൈം ഉള്‍പ്പടെയുള്ള നാലായിരത്തോളം തിയേറ്റര്‍ ശൃംഖലകളില്‍ 75 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. കോവിഡിന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ സഹായിച്ച സിനിമാപ്രേമികള്‍ക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം നല്‍കുന്നത്.

കോവിഡിന് ശേഷം തിയേറ്ററുകളില്‍ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി. എന്നാല്‍ തമിഴ്‌നാട്ടില്‍ മുഴുവന്‍ തുകയും നല്‍കി ടിക്കറ്റ് എടുക്കേണ്ടതായി വരും. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ‘വേണ്ടു തനിന്തതു കാട്’ സെപ്റ്റംബര്‍ 15നാണ് റിലീസ്.

Read more

റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാര്‍ശ അവഗണിക്കുന്നത്.