ബെന്‍സ് കാറില്‍ വന്നിറങ്ങി നെയ്യാറ്റിന്‍കര ഗോപന്‍; 'ആറാട്ട്' ഫസ്റ്റ്‌ലുക്ക്

മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന “ആറാട്ട്” ചിത്രത്തന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. 2255 നമ്പറുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്റെ പിന്നില്‍ നിന്നുള്ള ഷോട്ടാണ് ഫസ്റ്റ്‌ലുക്കില്‍. “നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്” എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. നവംബര്‍ 23ന് ആണ് ആറാട്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

“വില്ലന്‍” എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദ് ആണ്. അതേസമയം, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ റിലീസിനായാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ദൃശ്യം 2വിന്റെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.