ലാലേട്ടന്റെ പിറന്നാളായിട്ട് പോസ്റ്റ് ഇടുന്നില്ലേ എന്ന് ആരാധകന്‍; വായടപ്പിച്ച് ബാബു ആന്റണിയുടെ മറുപടി

മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാല്‍ ഇന്ന് 62 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പോസ്റ്റിടുന്നില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് നടന്‍ ബാബു ആന്റണി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ലാലേട്ടന്റെ പിറന്നാള്‍ ആണ്, ഒന്ന് പോസ്റ്റ് ഇടത്തില്ലേ’ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍ ചോദിച്ചത്. ‘എന്റെ പിറന്നാളിന് ആരും ഇട്ട് കണ്ടിട്ടില്ല’ എന്നാണ് ബാബു ആന്റണി ഇതിന് മറുപടി നല്‍കിയത്.

ബാബു ആന്റണിയുടെ മറുപടി ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ മറുപടിയ്ക്ക് കമന്റും ലൈക്കുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതാണ് നിലപാടെന്നും ആരെയും താങ്ങേണ്ട കാര്യമില്ലെന്നുമാണ് ആരാധകര്‍ ഇതിനോട് പ്രതികരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് ബാബു ആന്റണി നായകനാകുന്ന പുതിയ സിനിമ. ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് പവര്‍സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്‌ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍.