മോഹന്‍ലാല്‍ വീണ്ടും 'അമ്മ' പ്രസിഡന്റ്; ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാം വട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി.

21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു. ആശ ശരത്തും ശ്വേതമേനോനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതാണ് പ്രധാനമാറ്റം.

വനിതകള്‍ ഈ പദവിയിലെത്തിയെന്നത് പ്രധാന സവിശേഷതയാണ്. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. മൂന്ന് സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചെങ്കിലും ഒന്നിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ ഷമ്മി തിലകന്റ പത്രികകള്‍ വരണാധികാരി സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും മത്സരിച്ചു. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കും 11 അംഗ കമ്മിറ്റിക്കുമായാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.