ഷൂട്ടിംഗ് ഡി കാറ്റഗറി സ്ഥലത്ത്, പ്രതിഷേധവുമായി നാട്ടുകാര്‍; മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു

ബേസില്‍-ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തി. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചത്.

കുമാരമംഗലം പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കളക്ടറുടെ അനുമതിയുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ്, ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കഴിഞ്ഞ വര്‍ഷം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.