'എന്ത് മനുഷ്യാവകാശ ലംഘനമാണ് ഡല്‍ഹിയില്‍ നടക്കുന്നത്?'; കര്‍ഷക സമരത്തിന് പിന്തുണയുമായി മിയ ഖലീഫയും

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് മുന്‍ പോണ്‍ താരം മിയ ഖലീഫയും. പോപ് താരം റിഹാനയ്ക്കും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനും പിന്നാലെയാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മിയയും രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയയുടെ ട്വീറ്റ്.

കടുത്ത ഭാഷയിലാണ് മിയ പ്രതികരിച്ചിരിക്കുന്നത്. “”എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്? ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നു”” എന്നാണ് മിയയുടെ ഒരു ട്വീറ്റ്. സമരം നടത്തുന്നത് പെയ്ഡ് ആക്ടേഴ്‌സ് ആണെന്ന ആരോപണത്തെ മിയ മറ്റൊരു ട്വീറ്റിലൂടെ പരിഹസിച്ചു.

“”പെയ്ഡ് ആക്ടേഴ്‌സ്” അല്ലേ? അവാര്‍ഡ് സീസണില്‍ അവരെ അവഗണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു”” എന്ന് മിയ കുറിച്ചു. കര്‍ഷക സമരത്തില്‍ ഉണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിലക്കിയിരുന്നു.

അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്ത പങ്കുവെച്ച് “”ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു”” എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. ഇന്റര്‍നെറ്റ് വിലക്കിന്റെ വാര്‍ത്ത പങ്കുവെച്ചാണ് റിഹാന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എന്താണ് നമ്മള്‍ ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്.