മരയ്ക്കാര്‍ കാഴ്ച്ചകള്‍ക്ക് ഹോളിവുഡ് ടച്ച്; വി.എഫ്.എക്‌സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്കായി പ്രവര്‍ത്തിച്ച അനിബ്രയിന്‍!

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ ദിവസം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രഖ്യാപനങ്ങളും നടന്നപ്പോള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും പുറത്തുവിട്ടിരുന്നു.

ഏതാനും വിഷ്വലുകള്‍ കൊണ്ട് തന്നെ മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ശരിക്കും സിനിമ ഞെട്ടിയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം, മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിങ്സ്മാന്‍, ഗ്വാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്‌ട്രെയിന്‍ജ്ജ്, നൗ യൂ സീ മീ 2 എന്നിവ ഇവയില്‍ ചിലത് മാത്രം.

ചിത്രം 2020 മാര്‍ച്ച് 26ന് മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസായി തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.