പൃഥ്വിരാജ് മാത്രമല്ല, മമ്മൂട്ടിയും കര്‍ണനായെത്തും; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത്

കുഞ്ഞാലിമരക്കാര്‍, ബിലാല്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് ഈയിടെ പ്രഖ്യാപിച്ചത് അതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ‘കര്‍ണ്ണന്‍’ എന്ന ചിത്രം ഉപേക്ഷിച്ചിട്ടിലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവുമായ പി. ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാല്‍ ആയിരിക്കും സംവിധാനം ചെയ്യുക എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനു മുന്‍പേ തന്നെ ആര്‍. എസ് വിമല്‍ പ്രിഥ്വിരാജിനെ നായകനാക്കി ‘കര്‍ണ്ണന്‍’ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും അറിയിച്ചിരുന്നു.

പ്രിഥ്വിരാജിന്റെ ‘കര്‍ണ്ണനെ’ക്കുറിച്ചുള്ള വാര്‍ത്തകള്‍ പിന്നീട് പലതുമുണ്ടായെങ്കിലും മമ്മൂട്ടിയുടെ ‘കര്‍ണ്ണനെ’ക്കുറിച്ചുള്ള വാര്‍ത്തകള്‍ അധികം പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത മമ്മൂട്ടിയുടെ ‘കര്‍ണ്ണന്‍’ ഉപേക്ഷിച്ചിട്ടില്ല എന്നാണ്. 2018 ജനുവരിയോട് കൂടി സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം മമ്മൂട്ടിയില്‍ നിന്ന് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി. ശ്രീകുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഈ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ല എന്നും ഈ സിനിമയ്ക്ക് പിന്നില്‍ വമ്പന്‍ പേരുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.