മരണമാസ് ലുക്കില്‍ മമ്മൂട്ടി; കത്തിപ്പടര്‍ന്ന് വിക്രത്തിന്റെ പിറന്നാള്‍ ആശംസ 

റോള്‍സ് റോയ്‌സിനു മുന്നിലൂടെ മുടി നീട്ടി വളര്‍ത്തി കൂളിങ് ഗ്ലാസില്‍ നടന്നുവരുന്ന മമ്മൂട്ടി. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കത്തിപ്പടരുന്ന മമ്മൂട്ടിയുടെ ചിത്രം. തമിഴ് നടന്‍ ചിയാന്‍ വിക്രം ഈ ഫോട്ടോ പങ്കുവെച്ചാണ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ആണിതെന്നാണ് റിപ്പോര്‍ട്ട്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക.

ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.