തിയേറ്ററില്‍ ദുരന്തം, ഇനി ഒ.ടി.ടിയില്‍ പോര്; മമ്മൂട്ടി-ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒന്നിച്ച് സ്ട്രീമിംഗ് ആരംഭിക്കുന്നു

ഒ.ടി.ടിയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ‘ഏജന്റും’ ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുമാണ് ഒ.ടി.ടിയില്‍ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29ന് ആണ് ചിത്രം ഒ.ടി.ടി വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നത്.

ഏപ്രില്‍ 27ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏജന്റ് തെലുങ്ക് സിനിമാ ചരിത്രത്തിലെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പുകളില്‍ ഒന്നാണ്. 65 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 10 കോടിക്ക് അടുത്ത് മാത്രമാണ് നേടാനായത്. ചിത്രം പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ചതില്‍ മാപ്പ് പറഞ്ഞ് നായകന്‍ അഖില്‍ അക്കിനേനി രംഗത്തെത്തിയിരുന്നു.

സെപ്റ്റംബര്‍ 29ന് സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രം നേരത്തെ ഒ.ടി.ടിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും വൈകുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് 5 മാസത്തിനിപ്പുറമാണ് ഒ.ടി.ടിയില്‍ എത്തുന്നത്.

അതേസമയം, കിംഗ് ഓഫ് കൊത്ത സെപ്റ്റംബര്‍ 29ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 38 കോടി വരെയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

Read more

മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളായിരുന്നു ഏജന്റും കൊത്തയും. എങ്കിലും രണ്ട് ചിത്രങ്ങള്‍ക്കും തിയേറ്ററില്‍ പിടിച്ച് നില്‍ക്കാനയിരുന്നില്ല. എന്നാല്‍ അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒന്നിച്ച് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ആര് ജനപ്രീതി നേടും എന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം.