വിസ്മയ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മമ്മൂട്ടി

വിസ്മയ കേസിലെ അന്വേഷണ സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നിരവധി പേരാണ് രംഗത്ത് വന്നത്. ഒപ്പം നടന്‍ മമ്മൂട്ടിയും അദ്ദേഹത്തെ പ്രശംസിച്ചു.

കൊച്ചിയിലെ പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫിസറാണ് രാജ്കുമാര്‍.

കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാംപെയ്‌നുകള്‍ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു അദ്ദേഹം മമ്മൂട്ടിയെ സന്ദര്‍ശിച്ചത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഡയരക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.