സൂക്ഷ്മാഭിനയത്തിന്റെ മമ്മൂട്ടി, സ്വയം പുതുക്കി ലിജോയും; 'നന്‍പകല്‍ നേരത്ത് മയക്കം' പറയുന്നത്...

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോമ്പോയ്ക്ക് നിറഞ്ഞ കൈയടിയാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നിന്നും ലഭിക്കുന്നത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ കാണാനെത്തിയ ഡെലിഗേറ്റുകള്‍ ഇന്നലെ തല്ലുമാലയുടെ വക്കില്‍ എത്തിയ കാഴ്ച നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ സംവിധായകനും മെഗാസ്റ്ററും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമ കാണാനായി ടാഗോര്‍ തിയേറ്ററിന് മുന്നിലെ തിരക്ക് വ്യക്തമാക്കിയത്. സിനിമയ്ക്ക് അഭിന്ദന പ്രവാഹമാണ്.

‘ചുരുളി’, ‘ജെല്ലിക്കെട്ട്’, ‘അങ്കമാലി ഡയറീസ്’ പോലുള്ള മുന്‍ സിനിമകളില്‍ നിന്നും അല്‍പം വഴി മാറിയാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ നന്‍പകല്‍ നേരത്ത് മയക്കം ഒരുക്കിയിരിക്കുന്നത്. അഭിനയത്തില്‍ മമ്മൂട്ടി സൂക്ഷ്മത പുലര്‍ത്തിയപ്പോള്‍, സിനിമാപ്രേമികളെ സംബന്ധിച്ച് നന്‍പകല്‍ നേരത്ത് മയക്കം ഒരു കാഴ്ച വിരുന്നായി മാറി.

മൂവാറ്റുപ്പുഴക്കാരനായ ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. ജെയിംസ് ആണ് ട്രൂപ്പിന്റെ സാരഥി. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുകയാണ്. തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ഏറെ പരിചയത്തോടെ കയറുന്ന ജെയിംസ്, രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്ന് കാണാതായ സുന്ദരത്തെ പോലെ പെരുമാറാനും തുടങ്ങി. ഈ അസാധാരണ സാഹചര്യം ജെയിംസിന്റെ കൂടെയുള്ള കുടുംബാംഗങ്ങളിലും, നാടക സമിതി അംഗങ്ങളിലും, ചെന്നു കയറുന്ന ഗ്രാമത്തിലും, വീട്ടിലുമൊക്കെ സൃഷ്ടിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കം അണിയിച്ചൊരുക്കിയിരിക്കുന്നത്.

May be an image of 4 people, people standing and road

2013ല്‍ ‘ആമേന്‍’ എന്ന സിനിമ ഒരുക്കി ലിജോ മലയാള സിനിമയില്‍ സൃഷ്ടിച്ചൊരു ഇംപാക്ട് ഉണ്ട്. എന്നാല്‍ പിന്നീട് എത്തിയ ലിജോ ചിത്രം ‘ഡബിള്‍ ബാരല്‍’ പരാജയമായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, സ്വാതി റെഡ്ഡി, ആസിഫ് അലി, വിജയ് ബാബു, ഇഷ ഷെര്‍വാണി എന്നീ താരങ്ങളെ വച്ച് ഒരുക്കിയ സിനിമ ഗംഭീര പരാജയമായി. ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത സിനിമ ഫ്‌ളോപ്പ് ആയതിന് പിന്നാലെ, 2 ദിവസത്തിന് ശേഷം ലിജോയുടെ ഒരു പോസ്റ്റും എത്തി. Sorry Guys…. no plan to change No Plan to Imprsse എന്ന്. പിന്നീട് വന്ന അങ്കമാലി ഡയറീസ്, ഈമയൗ, ജെല്ലിക്കെട്ട്, ചുരുളി ഒക്കെ എടുത്ത് നോക്കിയാല്‍ അറിയാം അയാള്‍ മാറിയിട്ടില്ലെന്ന്. കഴിഞ്ഞ ദിവസം അന്യായ പടവുമായി നന്‍പകലും എത്തി. പോത്തിന്റെ പിന്നാലെ ഒരു നാടിനെ മുഴുവന്‍ ഓടിച്ച എല്‍ജെപി ഇന്ന് മമ്മൂക്കയുടെ പുറകെ പുതിയൊരു ടീമിനെ ഓടിച്ചു.

അങ്കമാലി ഡയറീസും ജല്ലിക്കട്ടും സിറ്റി ഓഫ് ഗോഡും ആമേനും അടക്കമുള്ള സിനിമകളില്‍ ക്യാമറയുടെ സാന്നിധ്യം പ്രകടമായിരുന്നുവെങ്കില്‍, ഓടിക്കൊണ്ടിരുന്ന എല്‍ജെപി ക്യാമറയ്ക്ക് ഇത്തവണ ഫുള്‍ റെസ്റ്റ് ആയിരുന്നു. എല്ലാം സ്റ്റാറ്റിക് ഷോട്ടുകള്‍ ആയിരുന്നു. നാടക സ്റ്റേജുകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, നിശ്ചലമായ ഫ്രെയിമുകളില്‍ ചേര്‍ത്തുവച്ച ആശയങ്ങള്‍ നമ്മളെ ദീര്‍ഘ ദൂരത്തേക്ക് കൊണ്ടുപോകുന്നു. ഒരു തമിഴ് ഉള്‍ഗ്രാമത്തെ അതിന്റെ സ്വാഭാവികതയോടെയാണ് ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ അവതരിപ്പിച്ചത്. മലയാള സിനിമയുടെ വ്യത്യസ്ഥമായ ഒരു ഭാവമാണ് മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കൂട്ടുകെട്ടില്‍ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം. മലയാള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ ഒരു സിനിമ ചെയ്ത്, ലിജോ പ്രേക്ഷകരെ സംതൃപ്തരാക്കി. ഒരു ഫിലിം മേക്കറിന്റെ ഏറ്റവും വലിയ വിജയവും അത് തന്നെയാണ്.