'മലയാള സിനിമയില്‍ ആദ്യം'; പുത്തന്‍ പ്രൊമോഷന്‍ രീതികളുമായി മാമാങ്കം ടീം

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വേറിട്ട പ്രമോഷന്‍ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം. ഇതിന്റെ ഭാഗമാി മാമാങ്കം ഗെയിം പുറത്തിറങ്ങി. മമ്മൂട്ടിയാണ് മാമാങ്കം ഗെയിം ലോഞ്ച് ചെയ്തത്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് മമ്മൂട്ടി പറഞ്ഞു.

മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.