യുകെയിലും റെക്കോര്‍ഡ് റിലീസിന് ഒരുങ്ങി മാമാങ്കം; ആദ്യമായി 10 പ്രീമിയര്‍ ഷോകള്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം റിലീസിനോട് അടുത്തിരിക്കുകയാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരമമിട്ട് ഡിസംബര്‍ 12 നാവും ചിത്രം തിയേറ്ററുകളിെലത്തുക. യുകെയിലും മാമാങ്കത്തെ വരവേല്ക്കാന്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാന്‍സ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ഇന്നലെ ലണ്ടനില്‍ വെച്ച് നടന്നു.

ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് മാമാങ്കം അടുക്കുകയാണ്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.