ഷോട്ടുകള്‍ ഓക്കെയല്ലേ.., ക്യാമറയ്ക്ക് പിന്നിലെത്തി അന്നു; 'മെയ്ഡ് ഇന്‍ കാരവാന്‍' ചിത്രീകരണം പുരോഗമിക്കുന്നു, ചിത്രങ്ങള്‍

അന്നു ആന്റണി നായികയാവുന്ന “മെയ്ഡ് ഇന്‍ കാരവാന്‍” സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍ അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളാണ്.

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രം ജോമി കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്. പ്രിജില്‍, ആന്‍സണ്‍ പോള്‍, മിഥുന്‍ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫര്‍, നസ്സഹ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇവര്‍ക്ക് പുറമേ മലയാളത്തിലെ ഒരുപിടി താരങ്ങളും ചിത്രത്തില്‍ വേഷമിടും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ കാരവാന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിജു എം ഭാസ്‌ക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പി.ആര്‍.ഓ-പി.ശിവപ്രസാദ്.

2016ല്‍ പുറത്തിറങ്ങിയ ആനന്ദം സിനിമയ്ക്ക് ശേഷം അന്നു ആന്റണി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് മെയ്ഡ് ഇന്‍ കാരവനിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് അന്നുവിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.