സോഷ്യല്‍ മീഡിയയില്‍ മിന്നിച്ച് ലൂസിഫര്‍; ട്രെയിലര്‍ എഡിറ്റ് ചെയ്തത് 20 ദിവസംകൊണ്ട്

സോഷ്യല്‍ മീഡിയയിലുട നീലം മികച്ച സ്വീകരണം നേടി മുന്നേറുകയാണ് ലൂസിഫര്‍ ട്രെയിലര്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് എത്രമാത്രം ശക്തമാത്രമാണെന്ന് തെളിയിക്കുന്നതാണ് ലൂസിഫറിന്റെ ട്രെയിലറിന് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്വീകാര്യത. ഒരു മാസ് ചിത്രത്തിന്റെ ആവേശം വെറും മൂന്നു മിനിറ്റിലേക്ക് ആവാഹിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന്റെ ക്രെഡിക്റ്റ് എഡിറ്റര്‍ ഡോണ്‍ മാക്‌സിനാണ്. സ്‌പോട്ട് എഡിറ്റിങ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ മലയാള സിനിമയ്ക്ക് പഠിപ്പിച്ചു തന്ന ഡോണ്‍ മാക്‌സാണ് ലൂസിഫറിന്റെ ട്രെയിലര്‍ തയ്യാറാക്കിയത്.

20 ദിവസം കൊണ്ടാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തത്. ട്രെയിലറിനായി മറ്റു ഗിമ്മിക്കുകളൊന്നും കാണിച്ചിട്ടില്ല. സിനിമയുടെ രംഗങ്ങള്‍ക്കും ട്രെയിലറിലെ അതേ വേഗം തന്നെയാണ്. രാജു എനിക്ക് സര്‍വസ്വാതന്ത്ര്യവും തന്നിരുന്നു. ഉറുമിയുടെ കാലം മുതല്‍ രാജുവുമായി അടുപ്പമുണ്ട്. ട്രെയിലറിന് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം കൂടുതലല്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ കിട്ടുന്ന പ്രതികരണങ്ങള്‍ മുഴുവന്‍ പോസിറ്റീവാണ്”. ഡോണ്‍ മാക്‌സ് പറഞ്ഞു. പൃഥ്വിയുടെ അടുത്തിടെയിറങ്ങിയ പല സിനിമകളുടെയും ട്രെയിലര്‍ ചെയ്തത് ഡോണ്‍ മാക്‌സാണ്.

don-max-lucifer-1

പുറത്തിറങ്ങി 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ ട്രെയിലറിന് 30 ലക്ഷത്തിന് മേല്‍ കാഴ്ചക്കാരായിട്ടുണ്ട്. ഇതോടെ ഏറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന റെക്കോഡ് ലൂസിഫറിന്റെ പേരിലായി. യൂട്യൂബില്‍ ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.

വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും.