ഇറക്കിയത് അഞ്ച് കോടി , തിരിച്ചുപിടിച്ചതോ? ചരിത്രം രചിച്ച് തമിഴ് ചിത്രം

തമിഴ് ചലചിത്ര മേഖലയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് പ്രദീപ് രംഗനാഥന്‍ സിനിമ ലവ് ടുഡേ. അഞ്ച് കോടി ബജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം 70 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. തമിഴ് നാട്ടില്‍ മാത്രം ഈ ചിത്രം ഇതുവരെ 55 കോടിയാണ് നേടിയത്.

പ്രദീപ് രംഗനാഥന്‍ തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന രണ്ടാമത്തെ ചിത്രമായ ലവ് ടുഡേയില്‍ നായക വേഷത്തില്‍ എത്തിയിരിക്കുന്നതും പ്രദീപ് തന്നെയാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം.

ഇവാന നായികയായി എത്തുന്ന ചിത്രത്തില്‍ സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നായികയുടെയും നായകന്റെയും പ്രണയവും, പരസ്പരം ആഴത്തില്‍ അറിയാന്‍ ഒരു ദിവസത്തേക്ക് മൊബൈല്‍ ഫോണ്‍ കൈമാറ്റം ചെയ്യുന്നതുമാണ് കഥ.

റെഡ് ജയന്റ് മൂവീസാണ് ലവ് ടുഡേ റിലീസിനെത്തിച്ചത്. തമിഴ്നാട്ടില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെ തുടര്‍ന്ന് ലോകമെമ്പാടും പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്. ചിത്രം മൊഴിമാറ്റം ചെയ്ത് മറ്റ് ഭാഷകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ ടീം.

Read more

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നവംബര്‍ 25 ന് തിയേറ്ററുകളിലെത്തും.