'ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് പോത്തിനേക്കാള്‍ വേഗത്തില്‍ ഓടുന്ന ഒരു ക്യാമറാമാനെ' ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. പോത്ത് കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം കൈയടി നേടിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ ഗിരീഷ് ഗംഗാധരന്‍ തന്നെയാണ്. അദ്ദേഹത്തെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍. ഇങ്ങനെ

ഈ പടം ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഗിരീഷ് എന്നോട് ചോദിച്ചത് ഇനി എന്നാണ് എനിക്കൊന്ന് ഇരിക്കാന്‍ പറ്റുകയെന്നാണ്. ഗിരീഷ് ഇല്ലായിരുന്നെങ്കില്‍ ഗിരീഷിന്റെ സൗകര്യത്തിന് അനുസരിച്ച് ഞങ്ങള്‍ ഷൂട്ട് മാറ്റാന്‍ തീരുമാനിച്ചിരുന്നു. കാരണം ഗിരീഷ് ഉണ്ടെങ്കില്‍ മാത്രമേ ഈ സിനിമ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. ഗിരീഷിന്റെ ഇന്‍വോള്‍വമെന്റ് അല്ലെങ്കില്‍ കുതിപ്പ് ഇതിന് ആവശ്യമുണ്ടായിരുന്നു. പോത്തിനെക്കാള്‍ വേഗത്തില്‍ ഓടുന്ന ഒരു ക്യാമറമാനെ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.

ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.