'ചുരുളി'യിലെ ഭാഷാപ്രയോഗം ക്രിമിനല്‍ കുറ്റമല്ല: എ.ഡി.ജി.പി പത്മകുമാര്‍

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ചുരുളി കാണാനായി നിയോഗിച്ച എഡിജിപി പത്മകുമാറിന്റെ നേതൃത്തിലുള്ള സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം.

സിനിമയിലെ അശ്ലീല ഭാഷാപ്രയോഗത്തെ സന്ദര്‍ഭവുമായി ചേര്‍ത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കുമെന്നും പൊലീസ് അറിയിച്ചു. ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലൈവില്‍ നിന്നും പിന്‍വലിക്കണം എന്നുമായിരുന്നു ആവശ്യം.

തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ചിത്രത്തിന് എതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ് എന്നുമാണ് ഹര്‍ജിയിലെ ആരോപണം.

ഇതേ തുടര്‍ന്നാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരാണ് സിനിമ കാണുന്നത്.