ഇതാദ്യമായി ഒരു പ്രൊഫഷണല്‍ ആര്‍ടിസ്റ്റ് മൗലികമായ ഒരു പെയിന്റിങ്ങിന് എന്നെ വിഷയമാക്കി; മേക്കിംഗ് വീഡിയോ പങ്കുവെച്ച് ലാല്‍ജോസ്

പ്രൊഫഷണല്‍ ചിത്രകാരി വരച്ച തന്റെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ച് സംവിധായകന്‍ ലാല്‍ ജോസ്. തനിക്ക് ഇല്ലാത്ത ഭംഗി കൂടി ചേര്‍ത്ത് ചിത്രങ്ങള്‍ വരച്ച് തന്ന സുഹൃത്തുക്കളായ നിരവധി ചിത്രകാരന്മാരുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഒരു പ്രൊഫഷണല്‍ ആര്‍ടിസ്റ്റ് അവരുടെ മൗലീകമായ ഒരു പെയിന്റിങ്ങിന് തന്നെ വിഷയമാക്കിയിരിക്കുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലാല്‍ ജോസിന്റെ വാക്കുകള്‍

ഇല്ലാത്ത ചേല് കൂടി ഇണക്കിചേര്‍ത്ത് എന്നെ വരച്ച് തന്ന സുഹൃത്തുക്കളായ നിരവധി ചിത്രകാരന്മാരുണ്ട്. എന്നാല്‍ ഇതാദ്യമായി ഒരു പ്രൊഫഷണല്‍ ആര്‍ടിസ്റ്റ് അവരുടെ മൗലീകമായ ഒരു പെയിന്റിങ്ങിന് എന്നെ വിഷയമാക്കിയിരിക്കുന്നു.. അറബിക് ഫാഷന്‍ ഡിസൈനറും ദേവാഞ്ചി ആര്‍ട് എന്ന ചിത്ര സങ്കേതത്തിന്റെ പ്രയോക്താവുമായ ചിത്ര അജീഷാണ് ചിത്രകാരി. ഞാനൊക്കെയൊരു വിഷയമാണോ എന്ന് നിങ്ങള്‍ക്കുണ്ടായ സംശയം എനിക്കും ഉണ്ടായിരുന്നു.

ക്യാന്‍വാസില്‍ അക്രലിക്കില്‍ തീര്‍ത്ത ഒറിജിനല്‍ പെയിന്റിങ്ങിനൊപ്പം ചിത്രകാരി കയ്യൊപ്പിട്ട് തന്ന കോപ്പിറൈറ്റ് സര്‍ടിഫിക്കറ്റ് കാണും വരെ. FEARLESS എന്ന് പേരിട്ട തന്റെ ചിത്രത്തിന് പ്രേരണയായത് വെട്ടിത്തുറന്ന് വച്ച ഒരു മനസ്സ് എന്റെ മുഖത്ത് കണ്ടതിനാലാണെന്നാണ് ചിത്രകാരി സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. തീയില്‍ പഴുത്ത കല്‍ക്കരികഷ്ണത്തിലെ ചെമപ്പാണ് ചിത്രത്തിന്റെ തീം കളര്‍. ലാല്‍ = ചുവപ്പ് എന്ന് ഹിന്ദിടീച്ചറായ എന്റെ അമ്മ ലില്ലിടീച്ചര്‍ പഠിപ്പിച്ചത് അറിയാതെ ഓര്‍ത്തുപോകുന്നു. സ്‌നേഹനിറവോടെ എന്നെ ക്യാന്‍വാസിലാവിഷ്‌ക്കരിച്ച ചിത്രയോടുളള നന്ദിയുമായി മേക്കിംഗ് വീഡിയോ ഇവിടെ പങ്ക് വക്കുന്നു