നാല്‍പത്തിയൊന്നിന് ഇനി രണ്ട് നാള്‍; അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം നാല്‍പത്തിയൊന്ന് റിലീസിന് തയ്യാറായിരിക്കുകയാണ്. ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം ഈ മാസം എട്ടിന് തിയേറ്ററുകളിലെത്തും. റിലീസിന് രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്ക്റ്റ് ബുക്കിംഗ് സൈറ്റായ ബുക്ക്‌മൈഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഇന്നു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

കണ്ണൂരിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ശബരിമലയും ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രാഷ്ട്രീയം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ സിനിമയല്ലെന്ന് ലാല്‍ ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തേക്കാള്‍ പ്രധാനപ്പെട്ട കാര്യമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. സിഎസ് ഉല്ലാസ് കുമാര്‍ എന്ന ട്യൂട്ടോറിയല്‍ അധ്യാപകനായി ബിജു മേനോന്‍ എത്തുമ്പോള്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് നിമിഷ സജയനാണ്. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മതാക്കളായുണ്ട്. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിബാല്‍ ആണ്. ഛായാഗ്രഹണം എസ് കുമാര്‍.