ഫഹദിനെ പങ്കായത്തിനോങ്ങി നസ്രിയ; കുമ്പളങ്ങിയുടെ നൂറാംദിനം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയമാണ് തീയേറ്ററുകളില്‍ കരസ്ഥമാക്കിയത്. ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ വിജയകരമായി ചിത്രം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് 100 ദിവസം പിന്നിട്ടത്.

ചിത്രത്തിന്റെ നൂറാം ദിനത്തിന്റെ ആഘോഷ പരിപാടികള്‍ കഴിഞ്ഞ ദിവസം നടന്നു. വിജയശില്‍പികള്‍ക്കായി പങ്കായത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത മൊമന്റോയാണ് സമ്മാനിച്ചത്. ഫഹദിന് മൊമന്റോ സമ്മാനിച്ചത് ഭാര്യയും സിനിമയുടെ നിര്‍മ്മാതാവിലൊരാളും നടിയുമായ നസ്രിയയായിരുന്നു. മൊമന്റോ കൊണ്ട് ഓങ്ങിയാണ് ഫഹദിനെ നസ്രിയ സമീപച്ചത്. ചെറിയ ചിരിയോടെ അതിനെ നേരിട്ട ഫഹദിന് നസ്രിയ പുഞ്ചിരിയോടെ തന്നെ മൊമന്റോ കൈമാറി.

ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച ടെക്‌നീഷ്യന്‍മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് സംവിധായകന്‍ മധു സി നാരായണന്‍ ചടങ്ങില്‍ പറഞ്ഞു. ദിലീഷ് പോത്തന്‍, ആഷിഖ് അബു, ശ്യം പുഷ്‌ക്കരന്‍ എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മധു പറഞ്ഞു.