പെട്ടിക്കടയില്‍ നിന്നും സിനിമയിലേക്ക്, അദ്ധ്വാനത്തിന് കാശില്ലാതെ മടങ്ങേണ്ടി വന്ന കഥകള്‍

മലയാള സിനിമയിലെ ചിരി കാരണവരായിരുന്നു കെടിഎസ് പടന്നയില്‍. പെട്ടിക്കടയില്‍ നിന്നാണ് കെടിഎസ് സിനിമയിലേക്ക് എത്തിയത്. 300 രൂപയ്ക്ക് ഒരു പെട്ടിക്കട ഏറ്റെടുത്തി നടത്തിയ കെടിഎസ് തന്റെ ജീവിതത്തിന്റെ വിജയമായാണ് പെട്ടിക്കടയെ വിശേഷിപ്പിക്കാറുള്ളത്. നാടകത്തിലൂടെയാണ് കെ ടി എസ് പടന്നയില്‍ കലാലോകത്ത് എത്തിയത്.

നാടകത്തട്ടിലും കോമഡി വേഷങ്ങളിലായിരുന്നു കെടിഎസ് പടന്നയിലിന്. 67 വര്‍ഷം മുമ്പ് വിവാഹദല്ലാള്‍ എന്ന നാടകമായിരുന്നു തുടക്കം. അഞ്ച് രൂപ പ്രതിഫലത്തില്‍ അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കെടിഎസ് പടന്നയില്‍.

അനിയന്‍ ബാവ ചേട്ടന്‍ ബാവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി അങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും ജീവിതത്തില്‍ പെട്ടിക്കടയാണ് കെടിഎസിന് കൂട്ടായത്.

കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ പോലും അധ്വാനത്തിന് കാശില്ലാതെ കെടിഎസിന് മടങ്ങേണ്ടി വന്നിട്ടുണ്ട്. ഒരു ഹിറ്റ് ചിത്രത്തിനായി 28 ദിവസം ജോലി ചെയ്തു പോരുമ്പോള്‍ 10,000 രൂപ മാത്രം നല്‍കിയ അനുഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് കെടിഎസ് അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

സിനിമയിലേക്ക് വിളി വരുമ്പോള്‍ രണ്ടു ജോടി ജുബ്ബയും മുണ്ടും അടങ്ങിയ പെട്ടി മുറുക്കാനും എടുത്ത് ഇറങ്ങും. കെടിഎസ് യാത്രയാകുമ്പോള്‍ മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന ചിരി കഥാപാത്രങ്ങള്‍ ബാക്കി.