നെഗറ്റീവ് പ്രചാരണങ്ങളില്‍ തളരാതെ 'കിംഗ് ഓഫ് കൊത്ത', പിന്നിലായി 'ആര്‍ഡിഎക്‌സ്', തളര്‍ച്ചയോടെ 'രാമചന്ദ്രബോസ് ആന്‍ഡ് കോ'; കളക്ഷന്‍ റിപ്പോര്‍ട്ട്

ഓണം റിലീസുകളില്‍ നേട്ടം കൊയ്ത് ‘കിംഗ് ഓഫ് കൊത്ത’. ഓഗസ്റ്റ് 24ന് റിലീസ് ചെയ്ത കൊത്തയുടെ ഷോ രാവിലെ 7 മണി മുതലാണ് ആരംഭിച്ചത്. ഓഗസ്റ്റ് 25ന് രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്.

നിവിന്‍ പോളി നായകനായ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകന്‍മാരായ ‘ആര്‍ഡിഎക്‌സ്’ എന്നിവയാണ് ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ മറ്റ് രണ്ട് ചിത്രങ്ങള്‍. ഇപ്പോഴിതാ മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ച നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

കിംഗ് ഓഫ് കൊത്ത 2.05 കോടി, ആര്‍ഡിഎക്‌സ് 1.30 കോടി, രാമചന്ദ്ര ബോസ് ആന്‍ഡ് കോ 65 ലക്ഷം എന്നിങ്ങനെയാണ് ബോക്‌സോഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍. അതായത് മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് കേരളത്തില്‍ നിന്ന് മാത്രം വെള്ളിയാഴ്ച നേടിയിരിക്കുന്നത് 4 കോടിക്ക് മുകളിലാണ്.

ഇത്തവണത്തെ തിരുവോണം ചൊവ്വാഴ്ച ആയതിനാല്‍ അഞ്ച് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ഓണം റിലീസുകള്‍ക്ക് ലഭിക്കുക. ഓണം റിലീസുകളില്‍ നാലാമത്തെ ചിത്രമായ ‘അച്ഛന്‍ ഒരു വാഴ വച്ചു’ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിനാണ് മികച്ച പ്രതികരണങ്ങള്‍ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ ഷോകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, രണ്ടാഴ്ച മുമ്പെത്തിയ തമിഴ് ചിത്രം ‘ജയിലറി’ന് ഇപ്പോഴും പ്രേക്ഷകരുണ്ട്.