യാഷിന് പകരം മറ്റൊരു നായകന്‍! 'കെജിഎഫ് 3' എന്ന്, എപ്പോള്‍? മറുപടിയുമായി നിര്‍മ്മാതാവ്

2018 ഡിസംബര്‍ 12ന് ആയിരുന്നു സാന്റല്‍വുഡ് എന്ന കന്നഡ സിനിമാ ലോകത്തിന്റെ തലവര മാറ്റി എഴുതപ്പെട്ടത്. കെജിഎഫ് എന്ന സിനിമ ഇന്ത്യന്‍ ബോക്‌സോഫീസ് അടക്കി ഭരിക്കുകയായിരുന്നു. ഒരു കാലത്ത് എല്ലാവരാലും അവഗണിച്ചിരുന്ന ഒരു ചലച്ചിത്ര ഇന്‍ഡസ്ട്രി ആയിരുന്നു സാന്റല്‍വുഡ്. കെജിഎഫ് എത്തിയതോടെയാണ് ഇന്ത്യന്‍ സിനിമയുടെ മുന്‍ നിരയിലേക്ക് കന്നഡ സിനിമാലോകം എത്തിയത്. 2022 ഏപ്രില്‍ 14ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 എത്തിയത്. ഈ സിനിമകളിലൂടെ സംവിധായകന്‍ പ്രശാന്ത് നീലും നായകന്‍ യാഷും ഇന്ത്യന്‍ സിനിമാ ലോകത്ത് തീര്‍ത്ത ഓളം ചെറുതല്ല. രണ്ടേ രണ്ട് സിനിമകള്‍ കൊണ്ടാണ് റോക്കി ഭായ് എന്ന കഥാപാത്രം ജനമനസുകളിലേക്ക് ഇടിച്ചു കയറിയത്. മൂന്നാം ഭാഗം വന്നേക്കുമെന്ന സൂചനയോടെയാണ് കെജിഎഫ് ചാപ്റ്റര്‍ 2 അവസാനിച്ചത്. റോക്കി ഭായിയുടെ മൂന്നാം വരവിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസാണ് കെജിഎഫ് ഒന്നും രണ്ടും ഭാഗങ്ങള്‍ നിര്‍മിച്ചത്. മൂന്നാം ഭാഗം പക്ഷേ ഉടനൊന്നും ഉണ്ടാവില്ല എന്നാണ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞിരിക്കുന്നത്. സംവിധായകന്‍ പ്രശാന്ത് നീല്‍ നിലവില്‍ ‘സലാര്‍’ എന്ന സിനിമ ചെയ്യുന്ന തിരക്കിലാണ്. അതിന് ശേഷം മാത്രമേ കെജിഎഫ് മൂന്നാം ഭാഗമുണ്ടാവൂ എന്നും അത് ചിലപ്പോള്‍ 2025ല്‍ ആയിരിക്കും എന്നുമാണ് വിജയ് പറയുന്നത്.

യാഷ് നായകനായി കെജിഎഫിന് അഞ്ച് ഭാഗങ്ങളൊരുക്കും. അഞ്ചാം ഭാഗത്തിന് ശേഷം പുതിയൊരു നായകനെ വച്ച് ഇതേ സിനിമയുടെ തുടര്‍ച്ചകള്‍ ഉണ്ടാവും. ഹോളിവുഡില്‍ ജെയിംസ് ബോണ്ട് സിനിമകളെ മാതൃകയാക്കിയാകും നായകനെ മാറ്റുന്നത് എന്നാണ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷന്‍സിലെ മറ്റൊരു നിര്‍മാതാവായ കാര്‍ത്തിക് ഗൗഡയും കെജിഎഫ് 3 വൈകുമെന്ന് അറിയിച്ചിരുന്നു.

2024ല്‍ കെജിഎഫ് 3 റിലീസിന് എത്തുമെന്നാണ് വാര്‍ത്തകള്‍ എത്തിയിരുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു വര്‍ക്കും ആരംഭിച്ചിട്ടില്ല എന്ന് കാര്‍ത്തിക് ഗൗഡ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, 37-ാമത് പിറന്നാള്‍ ആഘോഷിക്കുകയാണ് യാഷ്. ‘എന്റെ ശക്തി’ എന്ന് പ്രേക്ഷകരെ അഭിസംബോധന ചെയ്താണ് പിറന്നാള്‍ ആശംസകളറിയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് യാഷ് കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ചത്. താന്‍ ഒരു ജോലിയിലാണെന്നും അതിനാല്‍ ആരാധകര്‍ ക്ഷമയോടെയും വിവേകത്തോടെയും കാത്തിരിക്കണമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 68.50 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ആഗോള തലത്തില്‍ 1250 കോടി രൂപയാണ് സിനിമ നേടിയത്.

അതേസമയം, കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് വലിയൊരു പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. വരുന്ന അഞ്ച് വര്‍ഷങ്ങളിലായി 3000 കോടി രൂപ സിനിമയ്ക്കായി മാത്രമാണ് ഹോംബാലെ ഫിലിംസ് മുതല്‍മുടക്കുക. അതുകൊണ്ട് തന്നെ കെജിഎഫിന്റെ വരാനിരിക്കുന്ന എല്ലാ ഭാഗങ്ങളും ഗംഭീരമാകും എന്ന് തന്നെയാണ് പ്രതീക്ഷ.